National
ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനത്തിന്റെ നടുക്കം മാറുന്നതിനു മുന്നേ രാജ്യതലസ്ഥാനത്ത് കോടതികൾക്കും രണ്ട് സ്കൂളുകൾക്കും നേരേ ബോംബ് ഭീഷണി.
ഡൽഹി, സാകേത്, ദ്വാരക, പട്യാല ഹൗസ് എന്നിവിടങ്ങളിലെ കോടതികൾക്കും പ്രശാന്ത് വിഹാറിലെയും ദ്വാരകയിലെയും രണ്ട് സിആർപിഎഫ് സ്കൂളുകൾക്കുമാണ് ഇ-മെയിലിലൂടെ ബോംബ് ഭീഷണി ലഭിച്ചത്.
തീവ്രവാദ സംഘടനയായ ജയ്ഷ്-ഇ-മുഹമ്മദിന്റെ പേരിലാണ് വ്യാജ ബോംബ് ഭീഷണികളുള്ള മെയിലുകൾ അയച്ചിരിക്കുന്നതെന്നാണ് സൂചന.
ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് എൻഐഎ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത ജസീർ ബിലാൽ വാനിയുടെ വിചാരണ കോടതിയിൽ നടക്കുന്നതിനു മണിക്കൂറുകൾക്കു മുന്‍പാണ് പട്യാല ഹൗസ് കോടതിക്കു ഭീഷണി സന്ദേശം ലഭിച്ചത്.
National
ന്യൂഡൽഹി: സ്ഫോടക വസ്തുക്കൾ നിറച്ച കാറുമായി ഡൽഹി സ്ഫോടനത്തിന്റെ മുഖ്യ സൂത്രധാരൻ ഉമർ നബി സഞ്ചരിച്ചത് ഇന്ത്യാ ഗേറ്റ് ഉൾപ്പെടെയുള്ള ഡൽഹിയിലെ സുരക്ഷ മേഖലയ്ക്കുള്ളിലൂടെ. 1300ഓളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് ഡൽഹിക്ക് ഉള്ളിൽ ഉമർ സഞ്ചരിച്ച വഴികൾ പോലീസ് കണ്ടെത്തിയത്.
ഇന്ത്യ ഗേറ്റ്, റെയിൽ ഭവൻ, കർത്തവ്യപഥ്, ലോദി റോഡ്, ഭാരകംബ റോഡ് തുടങ്ങി രാജ്യത്തിന്റെതന്നെ തന്ത്രപ്രധാനമായ മേഖലയിലൂടെയാണ് ഉമർ സ്ഫോടകവസ്തുക്കളുമായി കാറിൽ സഞ്ചരിച്ചത്. എന്നാൽ ഡൽഹിക്കുള്ളിൽ പ്രവേശിച്ചശേഷം ഒരിടത്തും ഉമറിന്റെ കാർ പോലീസ് പരിശോധന നേരിട്ടില്ലെന്നും സിസിടിവി ദൃശ്യങ്ങളിൽനിന്ന് വ്യക്തമാണ്.
ഡൽഹിയിൽ വളരെ തിരക്കേറിയ നിസാമുദ്ദീൻ, അക്ബർ റോഡ്, സഫ്ദർജംഗ് ആശുപത്രി, കൊണാട്ട് പ്ലെയ്സ്, രാംലീല മൈദാൻ, ഡൽഹി ഗേറ്റ്, ദരിയ ഗഞ്ച് പോലീസ് സ്റ്റേഷൻ എന്നിവ കടന്നാണ് ഉമർ റെഡ് ഫോർട്ടിൽ എത്തുന്നത്.
സ്ഫോടനം നടന്ന ദിവസം രാവിലെ ബദൽപുർ ബോർഡർ വഴി ഉമർ കാറുമായി ഡൽഹിയിൽ പ്രവേശിച്ചു. രാവിലെ 9.17നും 9.48നും ഇടയിൽ, നിസാമുദ്ദീൻ, ഇന്ത്യാ ഗേറ്റ്, അക്ബർ റോഡ്, റെയിൽ ഭവൻ, കർത്തവ്യപഥ്, ലോധി റോഡ്, സഫ്ദർജംഗ് ഹോസ്പിറ്റൽ എന്നിവയുൾപ്പെടെ ഡൽഹിയുടെ ഹൃദയഭാഗത്തുകൂടി കാർ കടന്നുപോയി.
ഇടയ്ക്ക് വസീർപൂരിലെ ഒരു ചായക്കടയിൽ കാർ നിർത്തിയതായി സിസിടിവി ദൃശ്യങ്ങളിൽ കാണാം. പിന്നീട് കാർ ഉച്ചയ്ക്ക് 2.04ന് കൊണാട്ട് പ്ലെയ്സ് ഔട്ടർ സർക്കിളും 2.10ന് ഭാരകംബ റോഡും കടന്ന് 2.17ന് രാം ലീല മൈതാനിയിലെത്തി. തുടർന്ന് മൂന്നരയോടെ ചെങ്കോട്ടയ്ക്ക് സമീപം കാർ പാർക്ക് ചെയ്തു. 6.23ന് പാർക്കിംഗ് സ്ഥലത്തുനിന്ന് പുറത്തിറങ്ങിയ കാർ പതുക്കെ നീങ്ങി 6.52ന് പൊട്ടിത്തെറിക്കുകയായിരുന്നു.
National
ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് ഫരീദാബാദിലെ അൽ ഫലാ സർവകലാശാലയിലെ രണ്ട് ഡോക്ടർമാരുൾപ്പെടെ മൂന്നുപേർകൂടി കസ്റ്റഡിയിൽ.
സ്ഫോടനക്കേസിൽ ഇതിനോടകം അന്വേഷണ ഏജൻസികളുടെ റഡാറിനു കീഴിലായിരുന്ന ഹരിയാനയിലെ ധൗജ്, ബല്ലബ്ഗഡ്, ഖണ്ഡാവാലി, നൂഹ് എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് ചാവേർ സ്ഫോടനം നടത്തിയ ഡോ. ഉമർ നബിയുമായി ബന്ധമുണ്ടെന്നു കരുതുന്ന മൂന്നുപേരെ കസ്റ്റഡിയിലെടുത്തത്. എൻഐഎയുടെ സഹകരണത്തോടെ ഡൽഹി പോലീസിന്റെ സ്പെഷൽ സെല്ലാണ് റെയ്ഡിനു നേതൃത്വം നൽകിയത്.
ഹരിയാനയിലെ നൂഹിൽനിന്ന് മുഹമ്മദ്, മുസ്താക്കിം എന്നീ അൽ ഫലാ സർവകലാശാലാ ഡോക്ടർമാരെയാണ് അറസ്റ്റ് ചെയ്തത്. വെള്ളക്കോളർ ഭീകരശൃംഖലയുമായി ബന്ധപ്പെട്ട് നേരത്തേ അറസ്റ്റിലായ ഡോ. മുസമ്മിൽ ഗനിയയുമായി ഇരുവർക്കും ബന്ധമുണ്ടെന്നാണു സംശയിക്കുന്നത്.
കസ്റ്റഡിയിലായ ഡോക്ടർമാരിലൊരാൾ ചെങ്കോട്ടയിൽ സ്ഫോടനം നടന്ന ദിവസം ഡൽഹിയിലുണ്ടായിരുന്നതായും പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. എയിംസിൽ ഒരു അഭിമുഖത്തിനായാണ് ഇയാൾ ഡൽഹിയിൽ എത്തിയതെന്ന് പോലീസ് വൃത്തങ്ങൾ സൂചിപ്പിച്ചു.
നൂഹിൽ തന്നെ നടത്തിയ മറ്റൊരു റെയ്ഡിൽ ദബ്ബു എന്നറിയപ്പെടുന്ന ദിനേശ് എന്നൊരാളെ ലൈസൻസ് ഇല്ലാതെ വളങ്ങൾ വിറ്റതിനു കസ്റ്റഡിയിലെടുത്തു. അനധികൃത വ്യാപാരത്തിനുമപ്പുറത്തേക്ക് ദിനേശിന്റെ പ്രവർത്തനങ്ങളുണ്ടോയെന്നറിയാൻ അന്വേഷണം നടത്തിവരികയാണ്. ഭീകരസംഘടനയിലെ അംഗങ്ങൾ ഐഇഡി ബോംബുകൾ നിർമിക്കാൻ ഉപയോഗിക്കുന്ന എൻപികെ വളം വാങ്ങുന്നതിനായി 26 ലക്ഷം രൂപ സമാഹരിച്ചെന്നും മൂന്നു ലക്ഷം രൂപ ചെലവഴിച്ചതായും വാർത്തകൾ പുറത്തുവന്നിരുന്നു.
National
ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് അന്വേഷണസംഘം കൂടുതൽ തെളിവുകൾ കണ്ടെത്തി. പൊട്ടിത്തെറിച്ച ഐ20 കാർ ഓടിച്ചത് സ്ഫോടനത്തിന്റെ മുഖ്യസൂത്രധാരനെന്നു സംശയിക്കുന്ന പുൽവാമ സ്വദേശി ഉമർ നബി തന്നെയാണെന്ന് ഡിഎൻഎ പരിശോധനയിൽനിന്നു വ്യക്തമായതായി അന്വേഷണ ഏജൻസികളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സ്ഫോടനത്തിനു പിന്നാലെ ഉമറിന്റെ അമ്മയുടെ ഡിഎൻഎ പോലീസ് ശേഖരിച്ചിരുന്നു.
ഐ20 കാറിൽനിന്നു കണ്ടെത്തിയ ശരീരാവശിഷ്ടങ്ങളും ഉമറിന്റെ കുടുംബാംഗങ്ങളിൽനിന്നു ശേഖരിച്ച സാന്പിളുകളും പരസ്പരം പൊരുത്തപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കാർ ഓടിച്ചത് ഇയാൾ തന്നെയാണെന്ന നിഗമനത്തിലേക്ക് അന്വേഷണസംഘം എത്തിയത്. അതേസമയം, സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 13 ആയി. മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞതായി ആശുപത്രി അധികൃതർ വ്യക്തമാക്കി.
കാറുമായി ഉമർ ഡൽഹിയിലെ പ്രധാന നഗരങ്ങളിലൂടെ സഞ്ചരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഫരീദാബാദിലെ ബദർപുർ അതിർത്തി വഴി ഡൽഹിയിലേക്കു പ്രവേശിക്കുന്നതും രാംലീല മൈതാനത്തിനടുത്തുള്ള മോസ്ക്കിന്റെ സമീപത്തുകൂടി നടക്കുന്ന ഉമറിന്റെ മുഖം കൂടുതൽ വ്യക്തമാകുന്നതുമായ ദൃശ്യങ്ങളാണ് ഇന്നലെ പുറത്തുവന്നത്. ഏകദേശം 50 സിസിടിവികളിൽനിന്നുള്ള ദൃശ്യങ്ങളിൽ ഉമറിനെ കാണാം.
സ്ഫോടനം നടന്നതിനു തലേദിവസം രാത്രി ഉമർ കാറുമായി ഡൽഹി-മുംബൈ എക്സ്പ്രസ് ഹൈവേയിൽ പ്രവേശിക്കുകയും വഴിയോര ഹോട്ടലിനു സമീപം നിർത്തി ഭക്ഷണം കഴിക്കുകയും ചെയ്തു. തുടർന്ന് രാത്രിയിൽ കാറിൽ ചെലവഴിച്ചശേഷം തിങ്കളാഴ്ച രാവിലെ കാറുമായി ബദർപുർ അതിർത്തിയിലൂടെ ഡൽഹിയിൽ പ്രവേശിച്ചുവെന്നുമാണ് പോലീസിന്റെ കണ്ടെത്തൽ.
അതേസമയം, ബാബറി മസ്ജിദ് തകർത്തതിന്റെ വാർഷികദിനമായ ഡിസംബർ ആറിന് രാജ്യത്തെ ആറു നഗരങ്ങളിൽ ഒരേസമയം സ്ഫോടനങ്ങൾ നടത്താൻ പദ്ധതിയിട്ടിരുന്നതായി അന്വേഷണസംഘങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്.
കഴിഞ്ഞദിവസങ്ങളിൽ അറസ്റ്റിലായ ഡോ. ഷഹീൻ സയീദ്, ഡോ. പർവേസ് അൻസാരി, ഡോ. മുസമ്മിൽ എന്നിവരെ ചോദ്യം ചെയ്തതിൽനിന്നാണ് ഈ വിവരം ലഭിച്ചതെന്നാണ് അന്വേഷണസംഘം പറയുന്നത്. ഏതൊക്കെ നഗരങ്ങളെയാണു ലക്ഷ്യം വച്ചത് എന്നതിൽ വ്യക്തതയില്ല.
National
ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനത്തിന്റെ സൂത്രധാരന്മാരായ വൈറ്റ് കോളർ ഭീകരർ ബോംബ് നിർമാണത്തിനായി വാങ്ങിയത് മൂന്നു ലക്ഷം രൂപ വിലവരുന്ന 2600 കിലോ എൻപികെ രാസവളം.
ഹരിയാനയിലെ ഗുരുഗ്രാമിൽനിന്നും നൂഹിൽനിന്നും മറ്റു പട്ടണങ്ങളിൽനിന്നുമായാണ് രാസവളം സംഘടിപ്പിച്ചത്. ഇത് മറ്റു രാസവസ്തുക്കളുമായി സംയോജിപ്പിച്ചാണ് ഐഇഡി നിർമിച്ചത്.
ഇത്ര വലിയതോതിൽ രാസവളം വാങ്ങിയത് അന്വേഷണത്തിൽ നിർണായക തെളിവാകുമെന്ന് പോലീസ് വൃത്തങ്ങൾ പറഞ്ഞു.
സ്ഫോടനത്തിനുള്ള സാമഗ്രികൾ വാങ്ങാൻ ഡോ. മുസമ്മിൽ ഗാനായി, ഡോ. ആദീൽ അഹമ്മദ് റാത്തർ, ഡോ. ഷഹീൻ സയീദ്, ഡോ. ഉമർ നബി എന്നിവർ 26 ലക്ഷം രൂപ സംഘടിപ്പിച്ചിരുന്നു. ഈ പണം ഡോ. ഉമർ നബിയെയാണ് ഏൽപ്പിച്ചത്. ഈ പണം ഉപയോഗിച്ചാണു സ്ഫോടനത്തിൽ തകർന്നത് ഉൾപ്പെടെയുള്ള കാറുകൾ വാങ്ങിയത്.
National
ന്യൂഡൽഹി: അന്വേഷണസംഘത്തിന്റെ പ്രാഥമിക കണ്ടെത്തലുകൾ പ്രകാരം അഞ്ചു ഘട്ടങ്ങളായാണു ഭീകരർ പദ്ധതികൾ ആസൂത്രണം ചെയ്തത്.
ആദ്യഘട്ടത്തിൽ ജയ്ഷ് ഇ മുഹമ്മദ്, അൻസാർ ഗസ്വത്ത് ഉൽ ഹിന്ദ് എന്നീ തീവ്രവാദ സംഘടനകളുമായി ചേർന്ന് ഭീകരപ്രവർത്തനങ്ങൾക്കുള്ള ശൃംഖല രൂപപ്പെടുത്തുകയായിരുന്നു ലക്ഷ്യം. രണ്ടാമതായി നൂതന സ്ഫോടകവസ്തുക്കൾ (ഐഇഡി) നിർമാണത്തിനായി അസംസ്കൃത വസ്തുക്കൾ ശേഖരിക്കുകയെന്നതായിരുന്നു. മൂന്നാംഘട്ടത്തിൽ ഐഇഡികൾ നിർമിക്കുന്നതും ലക്ഷ്യസ്ഥാനങ്ങൾ നിരീക്ഷിക്കുന്നതും ഉൾപ്പെടുത്തി.
നാലാമതായി മോഡ്യൂളിൽ ഉൾപ്പെട്ട അംഗങ്ങൾക്കിടയിൽ നിർമിച്ച ഐഇഡികൾ വിതരണം ചെയ്യുകയെന്നതായിരുന്നു. അവസാനഘട്ടത്തിൽ ലക്ഷ്യസ്ഥാനങ്ങളിൽ ഒരേസമയം സ്ഫോടനങ്ങൾ നടത്താനുമായിരുന്നു ആസൂത്രണം നടത്തിയത്.
ഓഗസ്റ്റിൽ പദ്ധതി നടപ്പാക്കാനായിരുന്നു ആദ്യം ലക്ഷ്യമിട്ടത്. എന്നാൽ സാങ്കേതിക തടസങ്ങൾ നിമിത്തം മാറ്റിവയ്ക്കുകയായിരുന്നുവെന്നാണ് അന്വേഷണസംഘം നൽകുന്ന സൂചന. വരും ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ അറസ്റ്റുണ്ടായേക്കും.
ഡൽഹി സ്ഫോടനത്തിൽ ഫരീദാബാദിൽ അറസ്റ്റിലായ ഡോക്ടർമാരുടെ പങ്കിനെക്കുറിച്ചും അന്വേഷിച്ചുവരികയാണ്. ഇതോടൊപ്പം ഇവരുടെ സാന്പത്തിക ശൃംഖലയെയും പ്രവർത്തനരീതികളെയും കുറിച്ചുള്ള വ്യക്തമായ സൂചന ചോദ്യം ചെയ്യലിൽനിന്നു ലഭിച്ചതായും സൂചനയുണ്ട്.
National
ന്യൂഡൽഹി: ഭീകരബന്ധത്തിന്റെ പേരിൽ വിവാദത്തിലായ ഫരീദാബാദിലെ അൽ ഫലാ സർവകലാശാലയ്ക്കു കാരണംകാണിക്കൽ നോട്ടീസ് നൽകി നാഷണൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗണ്‍സിൽ (എൻഎഎസി).
സർവകലാശാലയുടെ വെബ്സൈറ്റിൽ അക്രഡിറ്റേഷനുണ്ടെന്ന് തെറ്റായി അവകാശപ്പെട്ടതിനാലാണ് എൻഎഎസി നോട്ടീസ് നൽകിയിരിക്കുന്നത്. അക്രഡിറ്റേഷൻ അവകാശം എൻഎഎസി മാനദണ്ഡങ്ങൾക്കു വിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് കൗണ്‍സിൽ വ്യക്തമാക്കി.
അൽ ഫലാ സർവകലാശാലയ്ക്കു കീഴിലുള്ള അൽ ഫലാ സ്കൂൾ ഓഫ് എൻജിനിയറിംഗിനും അൽ ഫലാ സ്കൂൾ ഓഫ് എഡ്യുക്കേഷൻ ആൻഡ് ട്രെയിനിംഗിനും എൻഎഎസിയുടെ"എ' ഗ്രേഡുണ്ടെന്ന് തെറ്റായി അവകാശപ്പെട്ടതിനാണ് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രകടനങ്ങൾ വിലയിരുത്തി റേറ്റിംഗ് നൽകുന്ന എൻഎഎസി നോട്ടീസ് നൽകിയിരിക്കുന്നത്. എൻജിനിയറിംഗ് കോളജിന് 2013ൽ "എ’ഗ്രേഡ് ലഭിച്ചിരുന്നെങ്കിലും ഇത് 2018ൽ കാലഹരണപ്പെട്ടെന്നും സ്കൂൾ ഓഫ് ഓഫ് എഡ്യുക്കേഷൻ ആൻഡ് ട്രെയിനിംഗിന് 2011ൽ ലഭിച്ച "എ’ഗ്രേഡ് 2016ൽ കാലഹരണപ്പെട്ടെന്നും നോട്ടീസിൽ പറയുന്നു.
ഇരു കോളജുകളുടെയും അക്രഡിറ്റേഷൻ കാലഹരണപ്പെട്ടിട്ടും എ ഗ്രേഡുകൾ ഉണ്ടെന്ന് അവകാശപ്പെട്ടതിനു സ്ഥാപനത്തിനെതിരേ എന്തുകൊണ്ട് നടപടിയെടുത്തില്ലെന്നു വിശദീകരിക്കാൻ സർവകലാശാല മാനേജമെന്റിനോട് നോട്ടീസിൽ ആവശ്യപ്പെടുന്നുണ്ട്. നോട്ടീസിൽ ഏഴു ദിവസത്തിനകം മറുപടി നൽകണമെന്നാണ് എൻഎഎസി ആവശ്യപ്പെട്ടിരിക്കുന്നത്. അൽ ഫലായെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ ശക്തി പ്രാപിക്കുന്നതിനിടെ സർവകലാശാലയുടെ വെബ്സൈറ്റ് നിലയ്ക്കുകയും ചെയ്തു.
അതിനിടെ, സർവകലാശാലയുടെ ഫണ്ടിംഗും ഡോക്ടർമാരുടെ സാന്പത്തിക ഇടപാടുകളും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ഇഡി ഡയറക്ടറും ആഭ്യന്തരമന്ത്രി അമിത് ഷായും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണ് സർവകലാശാലയുടെ സാന്പത്തിക സ്രോതസുകളെപ്പറ്റിയുള്ള വിശദമായ അന്വേഷണം നടത്തുന്നതിനുള്ള തീരുമാനമുണ്ടായതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
National
ന്യൂഡൽഹി: ഡൽഹി സ്ഫോടനക്കേസിൽ അറസ്റ്റിലായ ലക്നോ സ്വദേശിനി ഡോ. ഷഹീന് സഈദ് ജയ്ഷ് ഇ മുഹമ്മദ് ഭീകരസംഘടനയിലെ ഉന്നതരുമായി ബന്ധപ്പെട്ടിരുന്നതായി അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി.
പ്രത്യേകിച്ചും ജയ്ഷ് ഇ മുഹമ്മദ് തലവന്‍ മസൂദ് അസറിന്റെ അനന്തരവന്റെ ഭാര്യ ആഫിറാബീവിയുമായി ഡോ. ഷഹീന് അടുത്ത ബന്ധമുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ജയ്ഷിന്റെ വനിതാവിഭാഗമായ ജമാ അത്ത് ഉൽ മൊമിനാത്തിന്റെ ഇന്ത്യൻ വിഭാഗം രൂപീകരിക്കാനുള്ള ചുമതല ഡോ. ഷഹീനായിരുന്നുവെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അറസ്റ്റിലായ ഫരീദാബാദ് അല്‍ഫലാ സര്‍വകലാശാലയിലെ ഡോ.അദീലിന്റെ സഹോദരന് മുസഫറിനും പാക് ബന്ധമുണ്ടെന്ന് റിപ്പോർട്ടുണ്ട്.
ഡോ. അദീല്‍ അറസ്റ്റിലായതിനു പിന്നാലെ മുസഫര്‍ അഫ്ഗാനിസ്ഥാനിലേക്കു കടന്നതായാണു റിപ്പോർട്ട്. ഇയാള്‍ക്കായി ജമ്മു കാഷ്മീർ പോലീസ് ഇന്റര്‍പോളിനെ സമീപിച്ചിരിക്കുകയാണ്. മുസഫറിനായി റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചേക്കുമെന്നാണ് സൂചന. ഉമര്‍ നബിക്കൊപ്പം മുസഫര്‍ തുര്‍ക്കി സന്ദര്‍ശിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
National
ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന കാർ സ്ഫോടനം ഭീകരവാദികളുടെ ആക്രമണംതന്നെയെന്നു പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. സ്ഫോടനമുണ്ടായി രണ്ടുദിവസമായിട്ടും സ്ഫോടനത്തെ ആക്രമണമെന്നോ ഭീകരാക്രമണമെന്നോ വിശേഷിപ്പിക്കാത്ത കേന്ദ്രസർക്കാർ ആദ്യമായാണ് ഐ20 കാർ പൊട്ടിത്തെറിച്ചുണ്ടായ സംഭവം ഭീകരാക്രമണംതന്നെയാണെന്നു സ്ഥിരീകരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ വസതിയിൽ വിളിച്ചുചേർത്ത സുരക്ഷാ കാര്യങ്ങൾക്കായുള്ള മന്ത്രിസഭാസമിതിയുടെ (സിസിഎസ്) അടിയന്തര യോഗത്തിൽ പാസാക്കിയ പ്രമേയത്തിലാണ് സ്ഫോടനം രാജ്യവിരുദ്ധ ശക്തികൾ നടത്തിയ ആക്രമണമാണെന്നതിൽ വ്യക്തത വരുത്തിയത്. സ്ഫോടനത്തെത്തുടർന്നുള്ള സുരക്ഷാ സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായി ചേർന്ന യോഗത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
മന്ത്രിസഭായോഗം ചേർന്നതിനുശേഷം കേന്ദ്ര പ്രസ് ഇൻഫർമേഷൻ ബ്യൂറോയിലൂടെ പുറത്തുവിട്ട പ്രസ്താവനയിൽ സുരക്ഷാ കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി യോഗത്തിൽ പാസാക്കിയ പ്രമേയങ്ങളെക്കുറിച്ചു വ്യക്തമാക്കിയിട്ടുണ്ട്. ദേശവിരുദ്ധ ശക്തികൾ നടത്തിയ ഹീനമായ ഒരു ഭീകരസംഭവത്തിൽ കുറ്റവാളികളെയും അവരുടെ സഹകാരികളെയും അവരുടെ സ്പോണ്സർമാരെയും കാലതാമസമില്ലാതെ തിരിച്ചറിഞ്ഞ് നിയമത്തിനു മുന്നിൽ കൊണ്ടുവരാനായി അന്വേഷണം മികവോടെയും എത്രയും വേഗവും നടത്താൻ മന്ത്രിസഭ നിർദേശിച്ചിട്ടുണ്ട്.
സർക്കാരിന്റെ ഉന്നതതലങ്ങളിൽ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ദേശീയസുരക്ഷയ്ക്കും ഓരോ പൗരന്റെയും വ്യക്തിഗത സുരക്ഷയ്ക്കുംവേണ്ടിയുള്ള ശാശ്വത പ്രതിബദ്ധതയ്ക്കൊപ്പം എല്ലാ പൗരന്മാരുടെയും ജീവിതവും ക്ഷേമവും സംരക്ഷിക്കുന്നതിനുള്ള സർക്കാരിന്റെ ദൃഢനിശ്ചയം മന്ത്രിസഭ വീണ്ടും ഉറപ്പിക്കുകയാണെന്നും പ്രമേയത്തിൽ പറയുന്നു.
നിരപരാധികളുടെ ജീവൻ നഷ്ടപ്പെടാൻ കാരണമായ ഈ നിന്ദ്യവും ഭീരുത്വപരവുമായ പ്രവൃത്തിയെ മന്ത്രിസഭ അസന്നിഗ്ധമായി അപലപിക്കുകയാണെന്നും ഭീകരവാദത്തിന്റെ എല്ലാ രൂപങ്ങളോടും പ്രകടനങ്ങളോടും ഒരു വിട്ടുവീഴ്ചയുമില്ലാത്ത നയത്തോടുള്ള രാജ്യത്തിന്റെ അചഞ്ചലമായ പ്രതിബദ്ധത മന്ത്രിസഭ ആവർത്തിച്ചു പ്രഖ്യാപിക്കുകയാണെന്നും പാസാക്കിയ പ്രമേയത്തിൽ വ്യക്തമാക്കുന്നു.
National
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ അന്വേഷണം വ്യാപിപ്പിച്ചതിനു പുറമെ ഭീകരരുടെ വിദേശബന്ധങ്ങളും സംശയത്തിന്റെ നിഴലിലെന്നു സൂചന.
സ്ഫോടനം ഭീകരവാദപ്രവർത്തനത്തിന്റെ ഫലമാണോയെന്നതിൽ ഔദ്യോഗിക പ്രഖ്യാപനങ്ങളുണ്ടായിട്ടില്ലെങ്കിലും അതിർത്തി കടന്നുള്ള തീവ്രവാദവും വിദേശ തീവ്രവാദസംഘങ്ങളുടെ പങ്കും അന്വേഷണ ഉദ്യോഗസ്ഥരുടെ റഡാറിനു കീഴിൽ വരുന്നുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
സ്ഫോടനത്തിനു പിന്നിലെ കാരണക്കാരനെന്നു പോലീസ് വൃത്തങ്ങൾ വ്യക്തമാക്കിയ ഡോ. ഉമർ മുഹമ്മദും ഫരീദാബാദിലെ റെയ്ഡിൽ പിടിയിലായ ഡോ. മുസമ്മിൽ ഷക്കീലും തുർക്കി സന്ദർശിച്ചെന്നും അവിടെ അവർ ജയ്ഷ് ഇ മുഹമ്മദ് സംഘടനയുടെ പ്രതിനിധിയുമായി കൂടിക്കാഴ്ച നടത്തിയെന്നുമാണ് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇരുടെ പാസ്പോർട്ടുകളിൽ കണ്ടെത്തിയിട്ടുള്ള തുർക്കിഷ് ഇമിഗ്രേഷൻ സ്റ്റാന്പുകൾ അന്താരാഷ്ട്ര ഭീകര ശൃംഖലയുമായുള്ള ബന്ധം വ്യക്തമാക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ.
ജയ്ഷ് ഇ മുഹമ്മദിന്റെ ഇന്ത്യയിലെ വനിതാ വിംഗ് കൈകാര്യം ചെയ്തിരുന്ന ഡോ. ഷഹീൻ അതിർത്തിക്കപ്പുറമുള്ള ഭീകര പ്രതിനിധിയുമായി സ്ഥിരമായ ബന്ധം പുലർത്തിയിരുന്നതായി നേരത്തേ വിവരമുണ്ടായിരുന്നു. ഇപ്പോൾ ഉമറും മുസമ്മിലും തുർക്കിയിൽ മറ്റൊരു പ്രതിനിധിയെ കണ്ടെന്ന സംശയം ബലപ്പെട്ടു നിൽക്കുന്നതിനാൽ മുഴുവൻ ഗൂഢാലോചനയും വിദേശത്ത് ഉദ്ഭവിച്ചതാണോയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നു.
2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ മാതൃകയിൽ ഡൽഹിയിൽ ആക്രമണപരന്പര തന്നെ ലക്ഷ്യമിട്ടിരുന്നതായും സൂചനയുണ്ട്. രാജ്യതലസ്ഥാനത്തെയും ഗുരുഗ്രാമിലെയും ഫരീദാബാദിലെയും ഹൈ പ്രൊഫൈൽ പ്രദേശങ്ങൾ ലക്ഷ്യമിട്ടുകൊണ്ട് ആക്രമണം നടത്തുന്നതിനായി അറസ്റ്റിലായ ഡോക്ടർമാർ 200 ഐഇഡി ബോംബുകൾ തയാറാക്കിക്കൊണ്ടിരിക്കുകയായിരുന്നുവെന്നാണ് പോലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
സ്ഫോടനം നടന്ന സ്ഥലത്തുനിന്ന് ഫോറൻസിക് സംഘം കണ്ടെത്തിയ 40ലധികം വസ്തുക്കളിൽ രണ്ട് വെടിയുണ്ടകളും (കാട്രിഡ്ജും) രണ്ടു വ്യത്യസ്ത തരം സ്ഫോടകവസ്തുക്കളുടെ സാന്പിളുകളും കണ്ടെത്തിയിട്ടുണ്ട്. ഒരു സ്ഫോടകവസ്തു സാന്പിൾ അമോണിയം നൈട്രേറ്റാണെന്നാണു പ്രാഥമിക നിഗമനം. രണ്ടാമത്തെ സ്ഫോടകവസ്തുവിന്റെ സാന്പിൾ അമോണിയം നൈട്രേറ്റിനേക്കാൾ ശക്തമാണെന്ന് വിശ്വസിക്കുന്നതായും വിശദമായ പരിശോധനയ്ക്കുശേഷം മാത്രമേ ഇതിൽ വ്യക്തത കൈവരികയുള്ളൂവെന്നും അധികൃതർ സൂചിപ്പിച്ചു.
ജമ്മു കാഷ്മീരിൽ വ്യാപക റെയ്ഡ്
ശ്രീനഗർ: ജമ്മു കാഷ്മീരിൽ ഭീകരരെ അടിച്ചമർത്തുന്നതിന്റെ ഭാഗമായി പോലീസിന്റെ വ്യാപക റെയ്ഡ്. നിരോധിത സംഘടനയായ ജമാഅത്തെ ഇസ്ലാമിയുടേതുൾപ്പെടെ അഞ്ഞൂറിലേറെ കേന്ദ്രങ്ങളിൽ പോലീസ് റെയ്ഡ് നടത്തി.
ജമാഅത്തെ ഇസ്ലാമിയുടെ പ്രവർത്തനങ്ങൾ പുനരുജ്ജീവിപ്പിക്കാൻ ശ്രമം നടക്കുന്നുവെന്ന ഇന്റലിജൻസ് വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് നടപടി. കുൽഗാം, പുൽവാമ, ഷോപ്പിയാൻ, ബാരാമുള്ള, ഗന്ദർബാൽ, ശ്രീനഗർ, ബന്ദിപോറ, കുപ്വാര, അനന്ത്നാഗ്, ബഡ്ഗാം ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിൽ ജമാഅത്തെ ഇസ്ലാമി അംഗങ്ങളുടെയും കൂട്ടാളികളുടെയും വീടുകളിലും സ്ഥാപനങ്ങളിലുമായിരുന്നു റെയ്ഡ്. കുൽഗാമിൽ ഇരുനൂറിലേറെയും ശ്രീനഗറിൽ നൂറ്റന്പതിലേറെയും കേന്ദ്രങ്ങളിലാണു റെയ്ഡ് നടന്നത്.
National
ന്യൂഡൽഹി: ഫരീദാബാദിൽ വൻ സ്ഫോടകവസ്തു ശേഖരം പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡോ. ഷഹീൻ സഈദിനെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത്. ഡോ. ഷഹീൻ പുരോഗമന കാഴ്ചപ്പാടുള്ളയാളായിരുന്നുവെന്നും മതവിശ്വാസിയായിരുന്നില്ലെന്നും അവരുടെ മുൻ ഭർത്താവും മഹാരാഷ്ട്ര സ്വദേശിയുമായ ഡോ. ഹയാത്ത് സഫർ മാധ്യമങ്ങളോടു പറഞ്ഞു. 2015ലാണ് ഇരുവരും വേർപിരിഞ്ഞത്.
പിരിയുന്നതിനുമുമ്പ് രണ്ടു മക്കളുമായി ഓസ്ട്രേലിയയിലോ യൂറോപ്പിലോ സ്ഥിരതാമസമാക്കണമെന്ന് ഷഹീൻ ആഗ്രഹിച്ചിരുന്നുവെന്നും ഓസ്ട്രേലിയയിലേക്കു പോകുന്നതിനെച്ചൊല്ലി തങ്ങൾക്കിടയിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നുവെന്നും ഡോ. ഹയാത്ത് വ്യക്തമാക്കി. 2015ൽ വേർപിരിഞ്ഞശേഷം തനിക്കു ഷഹീനുമായി ബന്ധമില്ലെന്നും രണ്ടു മക്കളും തന്നോടൊപ്പമാണു താമസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഷഹീനിന്റെ അറസ്റ്റ് വിശ്വസിക്കാനായില്ലെന്നാണ് പിതാവ് സയ്യിദ് അഹമ്മദ് അൻസാരി പറഞ്ഞത്. മകൾ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് താൻ അറിഞ്ഞിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഷഹീൻ അവസാനമായി താനുമായി സംസാരിച്ചത് ഒരു മാസം മുമ്പാണെങ്കിലും മകളുടെ മുൻ ഭർത്താവായ ഡോ. ഹയാത്ത് സഫറുമായി താൻ എല്ലാ ആഴ്ചയും സംസാരിക്കാറുണ്ടായിരുന്നുവെന്ന് അഹമ്മദ് അൻസാരി പറഞ്ഞു. വനിതാ വിഭാഗം രൂപവത്കരിക്കാൻ ലക്ഷ്യമിട്ട് ജയ്ഷ് ഇ മുഹമ്മദ് നടത്തിയ റിക്രൂട്ട്മെന്റ് ഡ്രൈവിനിടെയാണ് ഷഹീൻ ഭീകരവാദത്തിലേക്ക് ആകർഷിക്കപ്പെട്ടതെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന.
പിന്നീട് സംഘത്തിലേക്കുള്ള റിക്രൂട്ട്മെന്റ് പ്രവർത്തനങ്ങൾക്ക് അവർ മേൽനോട്ടം വഹിക്കുകയും 35 മുതൽ 40 ലക്ഷം രൂപ വരെ വരുന്ന ഫണ്ട് കൈമാറ്റം ഏകോപിപ്പിക്കുകയും ചെയ്തതായും ഇതിൽ ഭൂരിഭാഗവും അവരുടെ ബന്ധങ്ങൾ വഴിയാണു കൈമാറ്റം ചെയ്യപ്പെട്ടതെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.
ഷഹീൻ ഇതിനുമുന്‍പ് ഉത്തർപ്രദേശിലെ കാൺപുരിലുള്ള ജിഎസ്വിഎം മെഡിക്കൽ കോളജിൽ ലക്ചററായി ജോലി ചെയ്തിരുന്നു. പബ്ലിക് സർവീസ് കമ്മീഷൻ വഴിയാണ് അവർക്കു നിയമനം ലഭിച്ചത്. എന്നാൽ, മുന്നറിയിപ്പില്ലാതെ ജോലിക്കു ഹാജരാകാതിരിക്കുന്നത് പതിവായതോടെ 2021ൽ അവരെ ജോലിയിൽനിന്ന് പിരിച്ചുവിട്ടു.
ആരെയും അറിയിക്കാതെ ഷഹീൻ പുറത്തുപോകുമായിരുന്നുവെന്ന് അൽ ഫലാ സർവകലാശാലയിലെ ഒരു പ്രഫസർ പറഞ്ഞു.
National
ന്യൂഡൽഹി: തീവ്രവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഫരീദാബാദിൽ അറസ്റ്റിലായ ഡോക്ടർമാർ തങ്ങളുടെ സർവകലാശാലയിൽ ജോലി ചെയ്യുന്നതല്ലാതെ അവരുമായി യാതൊരു ബന്ധവുമില്ലെന്ന് ഫരീദാബാദ് അൽ ഫലാ സർവകലാശാല.
ദൗർഭാഗ്യകരമായ സംഭവവികാസങ്ങളിൽ ദുഃഖിതരാണെന്നും അപലപിക്കുന്നുവെന്നും സർവകലാശാലാ വൈസ് ചാൻസലർ ഭൂപീന്ദർ കൗർ പ്രസ്താവനയിൽ അറിയിച്ചു.
സർവകലാശാലയെ അപകീർത്തിപ്പെടുത്തുന്നതിനായി ചില ഓണ്‍ലൈൻ മാധ്യമങ്ങൾ അടിസ്ഥാനരഹിതവും തെറ്റിദ്ധാരണ ജനിപ്പിക്കുന്നതുമായ വാർത്തകൾ പ്രചരിപ്പിക്കുകയാണെന്നും ഇത്തരം ആരോപണങ്ങളെ തങ്ങൾ ശക്തമായി അപലപിക്കുകയും നിഷേധിക്കുകയും ചെയ്യുന്നുവെന്നും ഭൂപീന്ദർ കൗർ അറിയിച്ചു.
ചില മാധ്യമങ്ങൾ ആരോപിക്കുന്നതുപോലെ ഒരു തരത്തിലുമുള്ള രാസവസ്തുക്കളോ സാമഗ്രികളോ സർവകലാശാലാ പരിസരങ്ങളിൽ സംഭരിക്കുകയോ കൈകാര്യം ചെയ്യുകയോ ചെയ്തിട്ടില്ല. സർവകലാശാലയിലെ ലാബുകൾ എംബിബിഎസ് വിദ്യാർഥികളുടെയും മറ്റ് അംഗീകൃത കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർഥികളുടെയും അക്കാഡമിക്, പരിശീലന ആവശ്യങ്ങൾക്കു മാത്രമാണ് ഉപയോഗിക്കുന്നതെന്നും വൈസ് ചാൻസലർ വ്യക്തമാക്കി.
എല്ലാ ലാബ് പ്രവർത്തനങ്ങളും സുരക്ഷാ പ്രോട്ടോകോളുകളും അധികാരികൾ നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് സർവകലാശാല പ്രവർത്തിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. ഭീകരപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സർവകലാശാലയിൽ ജോലി ചെയ്തിരുന്ന രണ്ട് ഡോക്ടർമാരെ അറസ്റ്റ് ചെയ്തു ദിവസങ്ങൾക്കു ശേഷമാണ് മാനേജ്മെന്റിൽനിന്ന് ഔദ്യോഗിക പ്രതികരണമുണ്ടാകുന്നത്.
National
ന്യൂഡൽഹി: വൈറ്റ് കോളർ ഭീകരശൃംഖലയുടെ ഭാഗമായ ഡോ. മുസമ്മിൽ ഗാനായ് ഈ വർഷം ജനുവരിയിൽ പലവട്ടം ചെങ്കോട്ട മേഖലയിലെത്തിയെന്ന് മൊബൈൽഫോൺ രേഖകൾ.
റിപ്പബ്ലിക് ദിനത്തിൽ ആക്രമണം നടത്താനായിരുന്നു ഭീകരരർ പദ്ധതിയിട്ടതെന്നും എന്നാൽ, പ്രദേശത്തെ കനത്ത പട്രോളിംഗ് മൂലം ഭീകരരുടെ പദ്ധതി പരാജയപ്പെട്ടുവെന്നും പോലീസ് പറഞ്ഞു.
സ്ഫോടനമുണ്ടായ ഹ്യുണ്ടായി ഐ 20 കാർ ഓടിച്ചിരുന്ന ഡോ. ഉമർ നബിയും ഡോ. മുസമ്മിലും തുർക്കി സന്ദർശിച്ചതായി അന്വേഷണത്തിൽ വ്യക്തമായി.
Kerala
കണ്ണൂര്‍: ഡൽഹി സ്ഫോടനത്തിനു പിന്നിൽ അര്‍ബന്‍ ഭീകരവാദികളുടെ ഗൂഢാലോചനയാണെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി. കണ്ണൂര്‍ മാരാര്‍ജി ഭവനില്‍ മാധ്യങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡോക്ടർമാർ, എൻജിനിയർമാർ തുടങ്ങിയ ഉന്നത ബിരുദധാരികളാണ് അർബൻ തീവ്രവാദത്തിനു പിന്നിലുള്ളത്. ജമാഅത്തെ ഇസ്ലാമി, സലഫി എന്നിവയെ നിരോധിച്ചാല്‍ മാത്രമേ വൈറ്റ് കോളര്‍ ടെററിസത്തെ ഇല്ലാതാക്കാനാവൂ.
നേരത്തേ മദ്രസകളില്‍ പഠിപ്പിച്ചിരുന്നത് രാജ്യസ്നേഹം ഓരോ ആളുടെയും വിശ്വാസത്തിന്റെ ഭാഗമെന്നാണ്. എന്നാല്‍ തങ്ങളുടേതൊഴിച്ച് ബാക്കിയെല്ലാം തെറ്റാണെന്ന് സലഫികളും ജമാഅത്തെ ഇസ്ലാമിയും പഠിപ്പിക്കുന്നു. കാഫിറുകളെ കൊന്ന് ഷഹീദായാല്‍ സ്വര്‍ഗം കിട്ടുമെന്ന പ്രചാരണത്തിന്റെ ഭാഗമാണ് വൈറ്റ് കോളര്‍ ടെററിസ്റ്റുകളെ സൃഷ്ടിച്ചത്.
കേരളത്തിലെ തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യാന്‍ പോകുന്നത് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ വികസന പദ്ധതികളാണ്. എന്‍ഡിഎ സര്‍ക്കാര്‍ അടിസ്ഥാന സൗകര്യവികസനത്തില്‍ അദ്ഭുതം സൃഷ്ടിച്ചപ്പോള്‍ പിണറായി സര്‍ക്കാര്‍ ക്ഷേമവികസന പദ്ധതികളില്‍ വന്‍ പരാജയമായെന്നും അദ്ദേഹം പറഞ്ഞു.
National
ചെങ്കോട്ടയ്ക്കു സമീപമുണ്ടായ സ്ഫോടനം ചാവേർ ആക്രമണമാണെന്നാണു ഡൽഹി പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. ജമ്മു കാഷ്മീരിലെ പുൽവാമയിൽനിന്നുള്ള ഡോ. ഉമർ നബി ചാവേറായി സ്വയം പൊട്ടിത്തെറിച്ചുവെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
എന്നാൽ, ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല. കാറിനുള്ളിൽ ഉണ്ടായിരുന്നത് ഉമർ തന്നെയാണോയെന്നു സ്ഥിരീകരിക്കാൻ പുൽവാമയിലുള്ള അദ്ദേഹത്തിന്റെ അമ്മയുടെ ഡിഎൻഎ സാന്പിൾ പരിശോധിക്കുന്നതിനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ വ്യക്തത ലഭിച്ചാൽ മാത്രമേ കാറിനുള്ളിൽ ഉണ്ടായിരുന്നത് ഉമർതന്നെയാണെന്നു സ്ഥിരീകരിക്കാൻ സാധിക്കൂ. കാറിനുള്ളിൽ ഒരാൾ മാത്രമാണ് ഉണ്ടായിരുന്നതെന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
സ്ഫോടനമുണ്ടായ കാർ ഹരിയാനയിലെ ഫരീദാബാദിൽനിന്നാണ് ഡൽഹിയിലേക്ക് എത്തിയതെന്നു സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. അതിനാൽ ഫരീദാബാദിൽനിന്നു കഴിഞ്ഞദിവസം കണ്ടെത്തിയ സ്ഫോടകവസ്തുക്കളുമായി സ്ഫോടനത്തിനു ബന്ധമുണ്ടോ എന്നതടക്കം അന്വേഷണസംഘം പരിശോധിക്കുകയാണ്.
ഫരീദാബാദിലെ അൽ ഫലാഹ് സർവകലാശാലയ്ക്കു കീഴിലുള്ള ആശുപത്രിയിൽ പ്രവർത്തിക്കുന്ന മുസമ്മിൽ അഹമ്മദിന്റെ വാടകവീട്ടിൽനിന്നാണ് സ്ഫോടകവസ്തുക്കൾ കണ്ടെത്തിയത്. മുസമ്മലിന്റെ കൂട്ടാളിയായ ഉമർ പിടിക്കപ്പെടുമെന്നായതോടെയും ആസൂത്രണം ചെയ്ത പദ്ധതി നടപ്പാക്കാതെ വന്നതോടെയും ചാവേർ ആകുകയായിരുന്നുവെന്നാണ് പോലീസ് വൃത്തങ്ങൾ നൽകുന്ന സൂചന.
അമോണിയം നൈട്രേറ്റ്, ഇന്ധന എണ്ണ, ഡിറ്റണേറ്ററുകൾ എന്നിവയാണ് സ്ഫോടനത്തിന് ഉപയോഗിച്ചതെന്നാണു പ്രാഥമിക കണ്ടെത്തൽ. എന്നാൽ, ഇക്കാര്യത്തിലും ഔദ്യോഗിക സ്ഥിരീകരണം സർക്കാർ ഏജൻസികളോ അന്വേഷണസംഘങ്ങളോ നൽകിയിട്ടില്ല. അതേസമയം, ജമ്മു കാഷ്മീരിൽ ആറുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചാവേറായി പൊട്ടിത്തെറിച്ചുവെന്നു കരുതുന്ന ഉമറിന്റെ ബന്ധുക്കളാണിവർ.
National
ന്യൂഡൽഹി: ജമ്മു കാഷ്മീരുമായും അവിടെ പ്രവർത്തിക്കുന്ന പാക് ഭീകരസംഘടനയായ ജയ്ഷ് ഇ മുഹമ്മദുമായുമുള്ള ഡൽഹി സ്ഫോടനത്തിന്റെ ബന്ധം സ്ഥിരീകരിച്ചു. എന്നാൽ, ജയ്ഷ് ഇ മുഹമ്മദുമായി നേരിട്ടു ബന്ധിപ്പിക്കാവുന്ന തെളിവുകൾ കുറവാണെന്നത് സുരക്ഷാ ഏജൻസികളെ കുഴപ്പിക്കുന്നുണ്ട്. അറസ്റ്റിലായവരെ ചോദ്യം ചെയ്യുന്നതിലൂടെയും കൂടുതൽ തെളിവുകൾ ലഭിക്കുന്നതിലൂടെയും കൊല്ലപ്പെട്ട ചാവേർ ഡോ. ഉമർ നബി അടക്കമുള്ളവർക്ക് പാക് ഭീകരഗ്രൂപ്പുകളുമായുള്ള ബന്ധം തെളിയുമെന്നാണ് സൂചന.
അതിർത്തി കടന്നുള്ള ഭീകരതയെ പാക്കിസ്ഥാൻ തുടർന്നും പിന്തുണയ്ക്കുന്നുണ്ടെന്ന് കഴിഞ്ഞയാഴ്ച ഉന്നതതല ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടായിരുന്നു. ലഷ്കർ ഇ തൊയ്ബയും ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസാൻ പ്രവിശ്യയും തമ്മിലുള്ള രഹസ്യസഖ്യത്തിനായി പാക്കിസ്ഥാന്റെ ചാരസംഘടനയായ ഐഎസ്ഐയുടെ സഹായവും ഇത്തവണ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്.
പാക് ഭീകരസംഘടനയായ ജയ്ഷ് മുഹമ്മദിനെ പിന്തുണയ്ക്കുന്ന പോസ്റ്ററുകൾ ഒക്ടോബർ 27ന് ശ്രീനഗറിൽ പ്രത്യക്ഷപ്പെട്ടതു മുതൽ നടത്തിയ അന്വേഷണമാണ് ഫരീദാബാദിലെ റെയ്ഡിലേക്കും ഡോക്ടർമാരുടെ അറസ്റ്റിലേക്കും നയിച്ചത്. അറസ്റ്റിലായ ഡോ. അദീൽ അഹമ്മദ് റാത്തർ പോസ്റ്റർ പതിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതാണു വഴിത്തിരിവായത്. അനന്ത്നാഗിലെ ഗവണ്മെന്റ് മെഡിക്കൽ കോളജിൽ ജോലി ചെയ്തിരുന്ന ഇയാളെ ചോദ്യം ചെയ്യലിൽനിന്നു കിട്ടിയ വിവരങ്ങളാണ് വൻ സ്ഫോടകവസ്തു ശേഖരം കണ്ടെത്തുന്നതിലും ഡോക്ടർമാരുടെ അറസ്റ്റിലേക്കും വഴിതെളിച്ചത്.
ദേശീയ അന്വേഷണ ഏജൻസി, രഹസ്യാന്വേഷണ വിഭാഗം, ഡൽഹി പോലീസ് തുടങ്ങിയവരെല്ലാം യോജിച്ചു നടത്തിയ അന്വേഷണത്തിലും ഫോറൻസിക് പരിശോധനയിലുമാണ് ഭീകരാക്രമണത്തിന്റെ കൃത്യമായ വഴികളിലേക്കു വെളിച്ചം വീശിയത്.
National
ന്യൂഡല്‍ഹി: ചെങ്കോട്ടയിലെ സ്ഫോടനം അബദ്ധത്തിലുണ്ടായതാണോ എന്നും അന്വേഷണസംഘം പരിശോധിക്കുന്നു. ബോംബ് നിര്‍മാണം അപൂര്‍ണമായിരുന്നു എന്നതാണ് വാദത്തിനു ശക്തി പകരുന്നത്. ഫരീദാബാദില്‍നിന്നു സ്ഫോടകവസ്തുക്കള്‍ പിടികൂടിയതിനെത്തുടര്‍ന്ന് കാറിലുണ്ടായിരുന്ന ഉമര്‍ നബി പരിഭ്രാന്തിയിലായിരുന്നു.
ചാവേർ ആക്രമണത്തിന്റെ രീതിയല്ല ഇയാള്‍ പിന്തുടര്ന്നത്. സ്ഫോടനത്തെത്തുടര്‍ന്ന് സ്ഥലത്തു ഗര്‍ത്തം രൂപപ്പെട്ടില്ല. ഇരുമ്പുചീളുകളോ പ്രൊജക്ടറുകളോ ഉണ്ടായിരുന്നില്ല എന്നതിനാല്‍ സ്ഫോടകവസ്തുവിന്റെ നിര്‍മാണം പൂര്‍ത്തിയായിരുന്നില്ല എന്ന് അനുമാനിക്കേണ്ടിവരുമെന്നും അന്വേഷണസംഘം കണക്കുകൂട്ടുന്നു.
നിരനിരയായി വാഹനങ്ങള്‍ നീങ്ങുന്നതിനിടെയാണ് ഐ 20 വാഹനത്തിലെ സ്ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിച്ചത്. വാഹനം ഒരിടത്തും ഇടിച്ചുകയറ്റാന്‍ ശ്രമിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
എന്നാൽ, ഈ നിഗമനങ്ങള്‍ ശരിയായാല്‍ ചാവേര്‍ ആക്രമണം എന്നതില്‍നിന്നു സ്ഫോടകവസ്തുക്കള്‍ കൊണ്ടുപോകുമ്പോള്‍ അബദ്ധത്തിലുണ്ടായ പൊട്ടിത്തെറി എന്ന നിലയിലേക്ക് കേസ് മാറും.
National
ന്യൂഡൽഹി: സ്ഫോടനത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങാനെത്തിയവരുടെയും കാണാതായ ഉറ്റവരെ തേടിയെത്തിയവരുടെയും തേങ്ങലുകളാൽ മുഖരിതമായിരുന്നു ഇന്നലെ ഡൽഹിയിലെ ലോക് നായക് ജയ് പ്രകാശ് (എൽഎൻജെപി) ആശുപത്രിയും പരിസരവും.
സ്ഫോടനത്തിൽ ജീവൻ നഷ്ടപ്പെട്ടവരെയും പരിക്കേറ്റവരെയും ആദ്യമെത്തിച്ചത് എൽഎൻജെപി ആശുപത്രിയിലേക്കാണ്. മാരകമായി മുറിവേറ്റവർ, പൊള്ളലേറ്റവർ, കൈകാലുകൾ അറ്റുപോയവർ എന്നിങ്ങനെ സ്ഫോടനത്തിന്റെ തീവ്രത വ്യക്തമാക്കുന്ന വിധത്തിലാണ് പരിക്കേറ്റവരെയുംകൊണ്ട് ആംബുലൻസുകൾ ചീറിപ്പാഞ്ഞ് എത്തിയത്. മരിച്ചവരെ തിരിച്ചറിഞ്ഞശേഷം പ്രതീക്ഷ നഷ്ടപ്പെട്ട ബന്ധുക്കളെയും ആശുപത്രി പരിസരത്തു കാണാമായിരുന്നു.
ഇന്നലെ പുലർച്ചെ മുതൽ മരിച്ചവരുടെ ബന്ധുക്കൾ മൃതദേഹങ്ങൾ ഏറ്റുവാങ്ങി. പലരുടെയും ശരീരങ്ങൾ ചിന്നിച്ചിതറിയ നിലയിലായിരുന്നുവെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. തിരിച്ചറിഞ്ഞ ആറു മൃതദേഹങ്ങൾ ഇന്നലെ ഉച്ചയോടെ ബന്ധുക്കൾ ഏറ്റുവാങ്ങി വീടുകളിലേക്ക് കൊണ്ടുപോയി.
ഉത്തർപ്രദേശിലെ ഷാംലി സ്വദേശിയായ നൗമാൻ അൻസാരി(22), ബിഹാർ സ്വദേശിയായ ടാക്സി ഡ്രൈവർ പങ്കജ് ചൗധരി, ഉത്തർപ്രദേശിലെ ശ്രാവസ്തി സ്വദേശി ദിനേഷ് കുമാർ മിശ്ര, ഡൽഹി ട്രാൻസ്പോർട്ട് കോർപറേഷനിൽ കണ്ടക്ടറായ ഉത്തർപ്രദേശിലെ അംറോഹ സ്വദേശി അശോക് കുമാർ, ഡൽഹി ശ്രീനിവാസ്പുരി സ്വദേശി അമർ കഠാരിയ(34), ഉത്തർപ്രദേശ് സ്വദേശി ലോകേഷ് അഗർവാൾ എന്നിവരെയാണു തിരിച്ചറിഞ്ഞത്.
Leader Page
ഇന്ത്യയുടെ പുതിയ വെല്ലുവിളിയായി വെള്ളക്കോളർ ഭീകരത. ഡൽഹി ചെങ്കോട്ടയിലെ കാർ ബോംബ് സ്ഫോടനവും അതിനു തൊട്ടുമുന്‍പ് ഫരീദാബാദിൽനിന്ന് 2,900 കിലോഗ്രാം സ്ഫോടകവസ്തുക്കളുമായി ഡോക്ടർമാരുടെ അറസ്റ്റും രാജ്യത്ത് പുതിയൊരു ഭീകരതയുടെ തുടക്കമായി. വൈറ്റ് കോളർ ടെറർ ഇക്കോസിസ്റ്റം എന്ന വെള്ളക്കോളർ ഭീകര ആവാസവ്യവസ്ഥ സജീവമായതിന്റെ നേർചിത്രമാണു ഡൽഹി സ്ഫോടന സംഭവങ്ങൾ.
വനിതയടക്കം ചുരുങ്ങിയത് നാലു ഡോക്ടർമാർ വെള്ളക്കോളർ ഭീകരസംഘത്തിന്റെ ഭാഗമായിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഡൽഹിയിൽനിന്ന് 50 കിലോമീറ്റർ മാത്രം അകലെയുള്ള ഫരീദാബാദ് അൽ ഫലാഹ് യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് സെന്ററിൽ ഡോക്ടർമാരാണിവർ. 2019ൽ മാത്രം എംബിബിഎസ് തുടങ്ങിയ ഈ യൂണിവേഴ്സിറ്റിയിലെ 40 ശതമാനം വിദ്യാർഥികളും ജമ്മു കാഷ്മീരിൽനിന്നുള്ളവരാണ്.
അറസ്റ്റിലായ ജമ്മു കാഷ്മീരിൽനിന്നുള്ള ഏതാനും ഡോക്ടർമാർക്ക് പാക് ഭീകരസംഘടനകളായ ജയ്ഷ് ഇ മുഹമ്മദ്, അൻസർ ഗസ്വത്തുൽ ഹിന്ദ് എന്നിവയുമായി ബന്ധമുണ്ടെന്നാണു പോലീസിന്റെ കണ്ടെത്തൽ. ജമ്മു കാഷ്മീരിൽ സജീവമായി പ്രവർത്തിക്കുന്ന അൽ ക്വയ്ദയുമായി ബന്ധപ്പെട്ട ഇസ്ലാമിക ഭീകര സംഘടനയാണ് അൻസർ ഗസ്വത്തുൽ ഹിന്ദ്.
ഫരീദാബാദിൽനിന്നു വൻ സ്ഫോടകവസ്തുശേഖരം കണ്ടെടുത്തില്ലായിരുന്നെങ്കിൽ ഡൽഹിയിലും പരിസരങ്ങളും അതിഭീകര ഭീകരാക്രമണ പരന്പരയ്ക്കാണു തീവ്രവാദിസംഘം തയാറെടുത്തിരുന്നതെന്ന് പോലീസ് പറയുന്നു. പിടിച്ചെടുത്ത സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് നൂറുകണക്കിനു ശക്തിയേറിയ ഐഇഡികൾ നിർമിച്ച് ഡൽഹിയെ വിറപ്പിക്കാനുള്ള ഗൂഢാലോചനയും പദ്ധതിയും പൊളിഞ്ഞ രോഷത്തിൽക്കൂടിയാണ് ഉമർ അഹമ്മദ് ചാവേറാക്രമണം നടത്തിയതെന്നാണു സൂചന.
വനിതയടക്കം അഞ്ചു ഡോക്ടർമാർ
വനിതയടക്കം അഞ്ച് എംബിബിഎസ് ഡോക്ടർമാർക്കാണു ഡൽഹി കാർ ബോംബ് സ്ഫോടനവും ഫരീദാബാദ് റെയ്ഡുമായി നേരിട്ടു ബന്ധമുള്ളത്. ഇവരിലൊരാളും പുൽവാമ സ്വദേശിയുമായ ഡോ. ഉമർ മുഹമ്മദാണ് ചാവേറായി ഭീകരാക്രമണം നടത്തിയത്. കൊല്ലപ്പെട്ട ചാവേർ ഡോ. ഉമറാണു ഭീകരാക്രമണ പദ്ധതിയുടെ സൂത്രധാരൻ എന്നാണു പോലീസിന്റെ കണ്ടെത്തൽ.
കാഷ്മീരിലെ പുൽവാമ സ്വദേശി ഡോ. മുസാമിൽ ഗനായി (35), ജമ്മു കാഷ്മീരിലെ അനന്ത്നാഗ് സർക്കാർ മെഡിക്കൽ കോളജിൽനിന്നു പുറത്തായ കാഷ്മീരിലെ കുൽഗാം സ്വദേശി ഡോ. അദീൽ അഹമ്മദ് റാത്തർ എന്നിവരുടെ വീട്ടിലും ലോക്കറിലും നിന്നാണ് അമോണിയം നൈട്രേറ്റ് ഉൾപ്പെടെ 2,900 കിലോ ബോംബ് നിർമാണ വസ്തുക്കളും ടൈമറുകളും വിദേശനിർമിത റൈഫിളുകളും തോക്കുകളും വെടിക്കോപ്പുകളും പിടിച്ചെടുത്തത്.
ഫരീദാബാദിലെ അൽ ഫലാ യൂണിവേഴ്സിറ്റി മെഡിക്കൽ സ്കൂളിൽ കഴിഞ്ഞ മൂന്നു വർഷമായി സീനിയർ ഡോക്ടറായി ജോലി ചെയ്തു വരികയായിരുന്നു ഡോ. അദീൽ അഹമ്മദ്. കാന്പസിൽത്തന്നെ താമസിച്ചിരുന്നെങ്കിലും അടുത്തുള്ള ധോജ് എന്ന സ്ഥലത്ത് മുറി വാടകയ്ക്കെടുത്തായിരുന്നു ബോംബ് നിർമാണത്തിനായി വസ്തുക്കൾ സൂക്ഷിച്ചിരുന്നത്. ഇറ്റാലിയൻ നിർമിത ബെറെറ്റ പിസ്റ്റൾ, ഐഇഡി സ്ഫോടനത്തിനുള്ള ലഘുലേഖകൾ തുടങ്ങിയവ മുറിയിലുണ്ടായിരുന്നു. ഇതേ അൽ ഫലാ യൂണിവേഴ്സിറ്റിയിലായിരുന്നു അറസ്റ്റിലായ മറ്റു ഡോക്ടർമാരും.
യുപിയിലെ ലക്നോയിൽനിന്നുള്ള വനിതാ ഡോക്ടർ ഷഹീൻ സഈദിനും ബന്ധമുണ്ടെന്നു കണ്ടെത്തി. ജയ്ഷ് ഇ മുഹമ്മദിന്റെ വനിതാവിഭാഗം സ്ഥാപിക്കാനുള്ള ചുമതലക്കാരിയായ ഡോ. ഷഹീനെയും ഇന്നലെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരുടെ കാറിൽനിന്നു റഷ്യൻ നിർമിത ക്രിങ്കോവ് റൈഫിൾ പിടിച്ചെടുത്തിരുന്നു. മുസാമിലിന്റെ പെണ് സുഹൃത്തുകൂടിയാണിവർ. ജയ്ഷ് ഇ മുഹമ്മദ് സ്ഥാപകൻ മസൂദ് അസറിന്റെ സഹോദരി സാദിയ അസ്ഹർ പാക്കിസ്ഥാനിൽനിന്നു നയിക്കുന്ന ജയ്ഷ് ഇ മുഹമ്മദ് വനിതാവിഭാഗമായ ജമാഅത്ത് ഉൽ മോമിനാത്തിന്റെ ഇന്ത്യാ വിഭാഗം രൂപീകരിക്കാനായിരുന്നു പദ്ധതി.
ചൈനയിൽനിന്ന് എംബിബിഎസ് പാസായി നാട്ടിലെത്തിയ ഹൈദരാബാദിലുള്ള ഡോ. അഹമ്മദ് മൊഹിയുദ്ദീൻ സെയ്ദും ഈ സംഘത്തിന്റെ ഭാഗമാണെന്ന് പോലീസ് പറയുന്നു. ഹൈദരാബാദിലെ രാജേന്ദ്ര നഗറിൽ ഷവർമ കച്ചവടം നടത്തിയിരുന്ന ഈ ഡോക്ടറെ കഴിഞ്ഞ ശനിയാഴ്ചയാണ് ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്തത്.
ശ്രീനഗറിൽനിന്നുള്ള ആരിഫ് നിസാർ ദാർ, യാസിർ ഉൽ അഷ്റഫ്, മഖ്സൂദ് അഹമ്മദ് ദാർ, ഷോപ്പിയാനിൽനിന്നുള്ള മോൾവി ഇർഫാൻ അഹമ്മദ്, ഗന്ധർബലിൽനിന്നുള്ള സമീർ അഹമ്മദ് അഹാംഗർ എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെല്ലാം ഡോക്ടർമാരുടെ ഭീകരസംഘത്തെ സഹായിച്ചിരുന്നവരായിരുന്നു. ഫരീദാബാദിനു പുറമെ ജമ്മു കാഷ്മീരിലെ ശ്രീനഗർ, അനന്ത്നാഗ്, ഗന്ധർബാൽ, ഷോപ്പിയാൻ എന്നിവിടങ്ങളിലും സുരക്ഷാ ഏജൻസികൾ റെയ്ഡ് നടത്തിയിരുന്നു.
National
ചെങ്കോട്ടയിൽ 13 പേരുടെ മരണത്തിനു കാരണമായ ആക്രമണം ഭീകരവാദമാണെന്ന സംശയം ബലപ്പെട്ടുനിൽക്കെ ആക്രമണത്തിന്റെ വേരുകൾ പടർന്നുകിടക്കുന്നത് കഴിഞ്ഞമാസം ജമ്മു കാഷ്മീരിൽ കണ്ടെത്തിയ തീവ്രവാദ അനുകൂല പോസ്റ്ററുകളിലേക്ക്.
ഭീകരസംഘടനയായ ജയ്ഷ് ഇ മുഹമ്മദിന് അനകൂലമായ പോസ്റ്ററുകൾ കണ്ടെത്തിയതിനെത്തുടർന്ന് ശ്രീനഗറിൽ കഴിഞ്ഞമാസം മുതൽ പോലീസ് നടത്തിവന്ന അന്വേഷണമാണു ഫരീദാബാദിൽ ഡോക്ടർമാരടക്കമുള്ളവരുടെ അറസ്റ്റിലേക്കു നയിച്ചത്.
സ്ഫോടകവസ്തുക്കളും ആയുധങ്ങളുമുൾപ്പെടെ ഫരീദാബാദിൽ ജയ്ഷ് ഇ മുഹമ്മദ് ബന്ധമുള്ള ഭീകരരെ പിടികൂടിയെന്ന വാർത്ത പുറത്തുവന്ന ദിവസംതന്നെ ഡൽഹിയുടെ ഹൃദയഭാഗത്ത് ഭീകരർ നടത്തിയതെന്ന് സംശയിക്കുന്ന സ്ഫോടനവുമുണ്ടാകുന്നു.
പോസ്റ്ററുകളിൽ തുടങ്ങിയ അന്വേഷണം
ശ്രീനഗറിലെ ബൻപോര നൗഗം പ്രദേശത്ത് ജയ്ഷ് ഇ മുഹമ്മദിന് അനുകൂലമായ പോസ്റ്ററുകൾ ഒക്ടോബർ 19ന് പ്രത്യക്ഷപ്പെട്ടതിനെത്തുടർന്നാണ് ജമ്മു കാഷ്മീർ പോലീസ് ഇതിനു പിന്നിലുള്ളവരെ കണ്ടെത്താൻ അന്വേഷണം തുടങ്ങിയത്. സുരക്ഷാ ഉദ്യോഗസ്ഥരുമായി സഹകരിക്കരുതെന്ന് ജനങ്ങളോട് ആവശ്യപ്പെടുന്നതായിരുന്നു ഉറുദുവിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകൾ.
യുഎപിഎ അടക്കമുള്ള വകുപ്പുകൾ ചുമത്തി എഫ്ഐആർ രേഖപ്പെടുത്തിയ പോലീസ് സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണം അദീൽ അഹമ്മദ് റാത്തർ എന്ന ഡോക്ടർ ഉൾപ്പെടെയുള്ളവരുടെ അറസ്റ്റിലേക്ക് നയിക്കുകയായിരുന്നു. ഉത്തർപ്രദേശിലെ സഹറാൻപുരിൽ പിടിയിലായ അദീലിന്റെ വെളിപ്പെടുത്തലുകൾ ജമ്മു കാഷ്മീർ, ഉത്തർപ്രദേശ്, ഹരിയാന എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന പാൻ ഇന്ത്യൻ "വൈറ്റ് കോളർ’ തീവ്രവാദത്തിലേക്ക് അന്വേഷണ ഉദ്യോഗസ്ഥരെ എത്തിച്ചു.
ഫരീദാബാദിലെ റെയ്ഡും പിന്നാലെ സ്ഫോടനവും
ഇന്ത്യയിലെ ജയ്ഷ് ഇ മുഹമ്മദിന്റെ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്തിരുന്ന ഡോ. അദീൽ അഹമ്മദ് റാത്തറുടെ അറസ്റ്റാണ് ഡൽഹി-ഹരിയാന അതിർത്തിയായ ഫരീദാബാദിൽ 2900 കിലോ സ്ഫോടകവസ്തുക്കളടക്കം പിടികൂടുന്നതിലേക്കു നയിച്ചത്.
അമോണിയം നൈട്രേറ്റും ടൈമറുകളും പിസ്റ്റളുകളും ഐഇഡി ബോംബ് നിർമിക്കാനുള്ള സാമഗ്രികളും റെയ്ഡിലൂടെ കണ്ടെത്തിയെന്ന് തിങ്കളാഴ്ച പോലീസ് പ്രഖ്യാപിച്ചപ്പോൾത്തന്നെ ദേശീയതലസ്ഥാന പ്രദേശത്ത് ആക്രമണം നടത്താനുള്ള ഭീകരവാദികളുടെ പദ്ധതികളെപ്പറ്റിയുള്ള സൂചനകളും വ്യക്തമായിരുന്നു.
ആക്രമണത്തിന്റെ ഉത്തരവാദികളാരാണെന്നതിൽ അന്തിമ നിഗമനത്തിലെത്തിയിട്ടില്ലെങ്കിലും ശ്രീനഗറിൽ പ്രത്യക്ഷപ്പെട്ട ജയഷ് ഇ മുഹമ്മദ് പോസ്റ്ററുകളും ഡൽഹിയിലെ ആക്രമണവും തമ്മിൽ പ്രത്യക്ഷത്തിൽ ബന്ധമുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്.
International
ബെയ്ജിംഗ്/വാഷിംഗ്ടൺ: പന്ത്രണ്ടു പേരുടെ മരണത്തിനിടയാക്കിയ ചെങ്കോട്ട സ്ഫോടനത്തിൽ അനുശോചനം അറിയിച്ചും ഇന്ത്യക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും യുഎസും ചൈനയും ജപ്പാനും ഇസ്രയേലും ഉൾപ്പെടെയുടെ രാജ്യങ്ങൾ.
ചാവേർ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവർക്ക് അനുശോചനം അറിയിച്ച യുഎസ് ഭരണകൂടം സ്ഥിതിഗതികൾ സൂക്ഷമമായി നിരീക്ഷിക്കുകയാണെന്നും അറിയിച്ചു. പരിക്കേറ്റവർ വേഗത്തിൽ സുഖംപ്രാപിക്കട്ടെയെന്നും യുഎസ് വിദേശകാര്യവകുപ്പിലെ സൗത്ത് അൻഡ് സെട്രൽ ഏഷ്യയുടെ ചുമതലയുള്ള വിഭാഗം ആശംസിച്ചു.
ഞെട്ടിക്കുന്ന സംഭവമാണെന്നു പറഞ്ഞ ചൈനീസ് വിദേശകാര്യമന്ത്രാലയം വക്താവ് ലിൻ ജിയാൻ, കൊല്ലപ്പെട്ടവർക്ക് അനുശോചനവും രേഖപ്പെടുത്തി.
സ്ഫോടനത്തിൽ വിലപ്പെട്ട ജീവനുകൾ നഷ്ടമായതിൽ ആഘാത ദുഃഖം രേഖപ്പെടുത്തുകയാണെന്നു പറഞ്ഞ ജപ്പാൻ പ്രധാനമന്ത്രി സനെ തകൈച്ചി പരിക്കേറ്റവർ വേഗത്തിൽ സുഖംപ്രാപിക്കാൻ പ്രാർഥിക്കുകയാണെന്നും വ്യക്തമാക്കി.
ഇന്ത്യൻ ജനതയ്ക്ക് ഐക്യദാർഢ്യം അറിയിക്കുകയാണെന്ന് ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ പറഞ്ഞു.
ഭൂട്ടാൻ രാജാവ് ജിഗ്മേ ഖേസര്‍ നാംഗ്യേല്‍ വാങ്ചുക്ക്, മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു, ഇസ്രയേൽ വിദേശകാര്യമന്ത്രി ഗിദെയോൻ സാർ, നേപ്പാൾ ഇടക്കാല പ്രധാനമന്ത്രി സുശീല കാർകി തുടങ്ങിയവരും അനുശോചിച്ചു.
National
ന്യൂഡൽഹി: തിങ്കളാഴ്ച വൈകുന്നേരം ചെങ്കോട്ടയിലുണ്ടായ സ്ഫോടനത്തെത്തുടർന്ന് രാജ്യതലസ്ഥാനത്ത് സുരക്ഷ ശക്തമാക്കി. നഗരത്തിലേക്കു പ്രവേശിക്കുന്ന എല്ലാ അതിർത്തി റോഡുകളിലും പോലീസ് പരിശോധന കർശനമാക്കി.
സ്വകാര്യ വാഹനങ്ങൾ ഉൾപ്പെടെ വാണിജ്യ ആവശ്യങ്ങൾക്കായി ഡൽഹിയിലേക്കെത്തുന്ന വാഹനങ്ങൾ പരിശോധനയ്ക്കു വിധേയമാക്കിയാണു കടത്തിവിടുന്നത്. വിദേശരാജ്യങ്ങളുടെ സ്ഥാനപതികാര്യാലയങ്ങൾ ഉൾപ്പെടെ തന്ത്രപ്രധാന മേഖലകളിലെല്ലാം സുരക്ഷ വർധിപ്പിച്ചു.സ്ഫോടനത്തിനു പിന്നാലെ ചെങ്കോട്ടയിലും സമീപപ്രദേശങ്ങളിലെ ഹോട്ടലുകളിലും ഗസ്റ്റ് ഹൗസുകളിലും പോലീസ് പരിശോധന നടത്തിയിരുന്നു.
ദരിയഗഞ്ച്, പഹർഗഞ്ച് പ്രദേശങ്ങളിലെ ഹോട്ടലുകളിലും ഗസ്റ്റ് ഹൗസുകളിലുമാണ് പരിശോധന നടത്തിയത്. ഹോട്ടലുകളിലെ രജിസ്റ്ററുകളും പോലീസ് പരിശോധിച്ചു. ഇവിടങ്ങളിലെ ജീവനക്കാരെയും അന്വേഷണസംഘം ചോദ്യം ചെയ്തു. സ്ഫോടനത്തെത്തുടർന്ന് സന്ദർശകർക്കു പ്രവേശനം നിരോധിച്ച ചെങ്കോട്ട വെള്ളിയാഴ്ചയേ തുറക്കൂവെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ അറിയിച്ചു. പരിശോധന നടക്കുന്നതിനാൽ ഈ പ്രദേശത്തേക്കുള്ള ഗതാഗതവും നിയന്ത്രിച്ചിട്ടുണ്ട്.
രാജ്യതലസ്ഥാനത്തെ മുഴുവൻ പോലീസ് സ്റ്റേഷനുകളിലും ജാഗ്രത പാലിക്കാൻ നിർദേശമുണ്ട്. പ്രാദേശിക മാർക്കറ്റുകൾ, മെട്രോ സ്റ്റേഷനുകൾ, ബസ്സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിലും ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു. സംശയാസ്പദമായ വ്യക്തികൾ, ഉപേക്ഷിക്കപ്പെട്ട വസ്തുക്കൾ എന്നിങ്ങനെ എല്ലാത്തര ത്തിലും ജാഗ്രത പാലിക്കാനും നിർദേശമുണ്ട്. പ്രധാന മേഖലകളിലെല്ലാം വാഹനനിയന്ത്രണം ഏർപ്പെടുത്തി.
ചാവേറിനെ കണ്ടെത്താൻ ഡിഎൻഎ പരിശോധന
ചെങ്കോട്ട സ്ഫോടനത്തിൽ ഡോ. ഉമർ നബി ചാവേറായിരുന്നുവെന്ന് സ്ഥിരീകരിക്കാൻ ഡിഎൻഎ പരിശോധന നടത്തും. സാന്പിൾ ശേഖരിക്കാനായി ഉമർ നബിയുടെ അമ്മ ഷമീമ ബീഗത്തെ അന്വേഷണസംഘം ആശുപത്രിയിലെത്തിച്ചു. രണ്ട് സഹോദരന്മാരും ഒപ്പമുണ്ടായിരുന്നു.
അതേസമയം, സ്ഫോടനം നടത്തിയ കാറിന്റെ ഉടമസ്ഥരെക്കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി മൂന്നുപേരെ ചോദ്യംചെയ്തു. കാറിന്റെ ആദ്യ ഉടമയായ ഗുഡ്ഗാവ് സ്വദേശി മുഹമ്മദ് സൽമാൻ ഉൾപ്പെടെ മൂന്നുപേരെ ചോദ്യംചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്. ഡൽഹിയിലെ ഓക്ലയിലുള്ള ദേവേന്ദ്ര എന്നയാൾക്കു സൽമാൻ കാർ വിറ്റുവെന്നാണ് രേഖകൾ. ഒന്നരവർഷം മുന്‍പായിരുന്നു ഇത്.
2016 മുതൽ നാലുവർഷം മുഹമ്മദ് സൽമാൻ താമസിച്ചിരുന്ന വാടകവീടിന്റെ ഉടമ ദിനേശിനെയും പോലീസ് ചോദ്യംചെയ്യുന്നുണ്ട്. 2020 നുശേഷം സൽമാനുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ലെന്ന് ദിനേശിന്റെ സഹോദരൻ മഹേഷ് അന്വേഷണസംഘത്തോട് പറഞ്ഞു. സൽമാനൊപ്പം ഭാര്യയും രണ്ടു കുട്ടികളും അമ്മയുമാണ് വീട്ടിൽ താമസിച്ചിരുന്നത്. ഒരു സ്വകാര്യകന്പനിയിൽ ജോലിയാണെന്നാണ് അയൽവാസികളോട് ഇയാൾ പറഞ്ഞിരുന്നത്.
ദേവന്ദ്രയിൽനിന്നാണ് അംബാല സ്വദേശിയായ ഒരാൾ ഈ കാർ വാങ്ങിയത്. ഇയാളിൽനിന്നും പുൽവാമ സ്വദേശി താരിഖ് എന്നയാൾ കാർ സ്വന്തമാക്കി. കാർ ഇടപാടുമായി ബന്ധപ്പെട്ട മുഴുവൻ പേരെയും കണ്ടെത്താനുള്ള ശ്രമത്തിലാണു പോലീസ്.
National
ന്യൂഡൽഹി: ഡൽഹി സ്ഫോടനത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തി സുപ്രീംകോടതി.
വിനാശകരമായ ദുരന്തമെന്നാണു ചീഫ് ജസ്റ്റീസ് ബി.ആർ.ഗവായ് സ്ഫോടനത്തെ വിശേഷിപ്പിച്ചത്. പ്രിയപ്പെട്ടവരെ നഷ്ടമായവർക്ക് രാജ്യത്തെ പരമോന്നത കോടതിയുടെ പേരിൽ ചീഫ് ജസ്റ്റീസ് ഗവായ് അനുശോചനം അറിയിക്കുകയും ദുരിതമനുഭവിക്കുന്നവർക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്തു.
ഫുൾ കോർട്ട് ചേർന്നുകൊണ്ടായിരുന്നു അനുശോചനച്ചടങ്ങ് സംഘടിപ്പിച്ചത്. നിയമവാഴ്ച ഉയർത്തിപ്പിടിക്കുന്നതിനും നീതി ഉറപ്പാക്കുന്നതിനും ഓരോ പൗരനൊപ്പവും രാജ്യത്തെ നീതിന്യായ സംവിധാനം ഒപ്പമുണ്ടാകുമെന്നും സുപ്രീംകോടതി പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
Kerala
തൃശൂർ: അന്വേഷണം എങ്ങനെ പോകുന്നുവെന്നു പുറത്തുപറയാനാകില്ലെന്നും അസാധാരണമായ സാഹചര്യമാണെന്നും ഡൽഹിയിലെ കാർ സ്ഫോടനത്തിൽ കേന്ദ്രമന്ത്രി സുരേഷ്ഗോപി പ്രതികരിച്ചു.
കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ രാജസ്ഥാൻ അടക്കമുള്ള പ്രദേശങ്ങളിൽ എട്ടുതവണയാണ് ഇതുപോലെയുള്ള ശ്രമങ്ങൾ നമ്മൾ തടഞ്ഞത്. രാജ്യത്തിന്റെ അഖണ്ഡതയ്ക്കേറ്റ മുറിവാണ് സ്ഫോടനം. കുറ്റവാളികളെയും അവരെ സഹായിച്ചവരെയും ശക്തമായി നേരിടും.
കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്കു ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. ശക്തമായ മതേതരത്വം ഉടയ്ക്കാനുള്ള ശ്രമമാണു നടന്നത്. പൗരന്മാർ സംയമനം പാലിച്ച് സാഹോദര്യം സൂക്ഷിക്കണം. കുറ്റവാളികളെ പിടിക്കുന്നതിൽ കേന്ദ്രസർക്കാർ ശക്തമായി മുന്നോട്ടുവരുമെന്നും സുരേഷ് ഗോപി പറഞ്ഞു.
National
ചരിത്രസ്മാരകമായ ചെങ്കോട്ടയ്ക്കു സമീപമുണ്ടായ സ്ഫോടനത്തിന്റെ ആഘാതത്തിലാണു രാജ്യം. നഗരവാസികളിൽ ഇതു വലിയ ആശങ്ക പരത്തി.
സ്ഫോടനമുണ്ടായ മെട്രോ സ്റ്റേഷന്റെ ഒന്നാം ഗേറ്റിനു സമീപത്തുനിന്ന് കേവലം 270 മീറ്റർ മാത്രം അകലെയാണു ചെങ്കോട്ട സ്ഥിതിചെയ്യുന്നത്. ഇവിടെനിന്ന് കേവലം 250 മീറ്റർ മാത്രം അകലെയാണ് ഏഷ്യയിലെ ഏറ്റവും പഴയതും വലിപ്പമേറിയതുമായ ഇലക്ട്രോണിക് മാർക്കറ്റുകളിലൊന്നായ ഓൾഡ് ലജ്പത് റായ് മാർക്കറ്റ്.
500 മീറ്റർ അകലെ ഡൽഹി ജുമാ മസ്ജിദും സ്ഥിതിചെയ്യുന്നു. പരന്പരാഗതമായി സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിലാണ് പ്രധാനമന്ത്രി ദേശീയ പതാകയുയർത്തി രാജ്യത്തെ അഭിസംബോധന ചെയ്യാറുള്ളത്.
നിത്യേന ആയിരക്കണക്കിനു സഞ്ചാരികളാണ് ചെങ്കോട്ട സന്ദർശിക്കാനെത്തുന്നത്. ഇതിൽ നല്ലൊരുപങ്ക് സഞ്ചാരികളും മെട്രോയിലെത്തി ഇന്നലെ സ്ഫോടനം നടന്ന റോഡിലൂടെ നടന്നാണ് ചെങ്കോട്ടയിലെത്തുന്നത്. ചെങ്കോട്ടയിലേക്കുള്ള പ്രവേശനസമയം രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 വരെയാണ്.
തിരക്കേറിയ സമയത്തായിരുന്നു സ്ഫോടനമെങ്കിൽ ആളപായം കനത്ത തോതിലുണ്ടാകുമായിരുന്നു.
National
ന്യൂഡല്‍ഹി: രാജ്യത്തിന്റെ കരുത്തിന്റെ പ്രതീകമായ ചെങ്കോട്ടയില്‍ 1997 നുശേഷം സ്ഫോടനമുണ്ടാകുന്നത് മൂന്നാംതവണ. ഡല്‍ഹിയില്‍ 15 തവണയും. ഇതില്‍ ഏഴും 1997ല്‍ മാസങ്ങളുടെ ഇടവേളകളിലായിരുന്നു.
National
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് ഇന്നലെയുണ്ടായ സ്ഫോടന സംഭവത്തെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ലെങ്കിലും പാക്കിസ്ഥാൻ പാലൂട്ടി വളർത്തുന്ന ഭീകര സംഘടനകളിലേക്കാണ് അന്വേഷണ ഏജൻസികളുടെ നിഗമനമെത്തുന്നത്.
പാക്കിസ്ഥാന്റെ പങ്ക് വ്യക്തമായാൽ ആ രാജ്യത്തിനെതിരേ "ഓപ്പറേഷൻ സിന്ദൂറി' നേക്കാൾ കൂടുതൽ ശക്തമായ മറുപടി നൽകാൻ ഇന്ത്യ നിർബന്ധിതമാകും. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള വലിയ സംഘർഷത്തിലേക്ക് വഴിമാറുകയും ചെയ്യും. പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് വഷളായ ബന്ധം അതുപോലെ തുടരുന്നതിനിടയിലാണ് പുതിയ സംഭവവികാസങ്ങൾ.
ഞെട്ടിച്ച പഹൽഗാം ഭീകരാക്രമണം
ജമ്മുകാഷ്മീരിലെ വിനോദസഞ്ചാരകേന്ദ്രമായ പഹൽഗാമിൽ കഴിഞ്ഞ ഏപ്രിൽ 22ന് ഒരു മലയാളിയുൾപ്പെടെ 26 പേരുടെ ജീവനുകൾ കവർന്ന ഭീകരാക്രമണം രാജ്യത്തെ ഞെട്ടിച്ചിരുന്നു.
40 സിആർപിഎഫ് ഭടന്മാർ കൊല്ലപ്പെട്ട 2019 ഫെബ്രുവരി 14ലെ പുൽവാമ ഭീകരാക്രമണത്തിനുശേഷം നടന്ന ഏറ്റവും വലിയ ഭീകരാക്രമണമായിരുന്നു ഇത്. പാക് ഭീകരസംഘടനകളുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ദ റസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്) സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. എൻഐഎയാണ് കേസ് അന്വേഷിക്കുന്നത്.
അന്വേഷണം പൂർത്തിയാക്കാൻ എൻഐഎയ്ക്ക് 45 ദിവസം കൂടി ജമ്മുവിലെ പ്രത്യേക കോടതി നൽകിയിട്ടുണ്ട്. പഹൽഗാം ആക്രമണത്തിൽ പങ്കാളികളായ മൂന്ന് പാക് ഭീകരരെ ജൂലൈ 28ന് ദച്ചിഗാം വനമേഖലയിൽവച്ച് സുരക്ഷാസേന വധിച്ചിരുന്നു. ആക്രമണം നടത്തിയ പാക് ഭീകരരെ സഹായിച്ച രണ്ട് തദ്ദേശവാസികളെയും പാക് ഭീകരസംഘടനയായ ലഷ്കറെ തൊയ്ബയെയും പ്രതിചേർത്താണ് എൻഐഎ കുറ്റപത്രം സമർപ്പിക്കാനൊരുങ്ങുന്നത്.
ഓപ്പറേഷൻ സിന്ദൂർ
പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യ നൽകിയ ശക്തമായ മറുപടിയായിരുന്നു ഓപ്പറേഷൻ സിന്ദൂർ. മേയ്, ആറ്, ഏഴ് തീയതികളിലായി ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ സൈനികനടപടിയുമായി രാജ്യം ശക്തമായ മറുപടി നൽകിയത്. കര, നാവിക, വ്യോമ സേനകൾ സംയുക്തമായി നടത്തിയ "ഓപ്പറേഷൻ സിന്ദൂറി’ൽ പാക്കിസ്ഥാനിലെയും പാക് അധീന കാഷ്മീരിലെയും ഒന്‍പത് ഭീകരകേന്ദ്രങ്ങളാണു തകർത്തത്. ഇതുകൂടാതെ നിരവധി പാക് സൈനികകേന്ദ്രങ്ങളും ആക്രമിക്കപ്പെട്ടു. ആക്രമണത്തിൽ 200 ഓളം പാക് സൈനികർ കൊല്ലപ്പെട്ടെന്നാണു പിന്നീട് സ്ഥിരീകരിക്കപ്പെട്ടത്. ഇന്ത്യയുടെ ഭാഗത്താകട്ടെ പാക് ഷെല്ലിംഗിൽ അതിർത്തിഗ്രാമങ്ങളിലെ 13 ഗ്രാമവാസികൾ കൊല്ലപ്പെടുകയും 59 പേർക്കു പരിക്കേൽക്കുകയും ചെയ്തു. "ഓപ്പറേഷൻ സിന്ദൂറി’ൽ എട്ടു വിമാനങ്ങൾ തകർക്കപ്പെട്ടെന്നാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചത്. തന്റെ ഇടപെടലിലാണ് സംഘർഷം അവസാനിച്ചതെന്ന് ട്രംപ് പലകുറി ആവർത്തിച്ചെങ്കിലും കേന്ദ്രസർക്കാർ ഇക്കാര്യം സമ്മതിച്ചിട്ടില്ല.
സിന്ധു നദീജല കരാർ
പഹൽഗാം ഭീകരാക്രമണം നടന്നതിന്റെ തൊട്ടടുത്ത ദിവസമാണ് സിന്ധു നദീജല കരാർ മരവിപ്പിച്ച് പാക്കിസ്ഥാന് തക്കതായ മറുപടി നൽകാൻ ഇന്ത്യ തീരുമാനിച്ചത്. സിന്ധുനദീജല കരാർ റദ്ദാക്കിയ ഇന്ത്യയുടെ നടപടി പാക്കിസ്ഥാന് വലിയ തിരിച്ചടിയാണു നൽകിയത്. ഈ വിഷയത്തിൽ ചർച്ചകൾക്കു താത്പര്യമറിയിച്ച് പാക്കിസ്ഥാൻ ഇന്ത്യക്ക് പലകുറി കത്ത് നൽകിയെങ്കിലും കരാർ മരവിപ്പിച്ച നടപടി തുടരുമെന്നാണ് കേന്ദ്രം വ്യക്തമാക്കിയത്. ഭീകരസംഘടനകളെ പിന്തുണയ്ക്കുന്ന പാക്കിസ്ഥാന്റെ സമീപനം അവസാനിപ്പിക്കാതെ ചർച്ചകൾക്കില്ലെന്നും കേന്ദ്രസർക്കാർ പലതവണ വിശദീകരിച്ചിരുന്നു. ഇതിനിടെ രണ്ടു തവണ ജമ്മുകാഷ്മീരിലെ കനത്ത മഴയെത്തുടർന്ന് ഉണ്ടായേക്കാവുന്ന പ്രളയ മുന്നറിയിപ്പ് പാക്കിസ്ഥാന് നൽകി ഇന്ത്യ മനുഷ്യത്വം പ്രകടിപ്പിക്കുകയും ചെയ്തു.
ഇതുകൂടാതെ ആ രാജ്യവുമായുള്ള എല്ലാ നയതന്ത്ര ബന്ധവും വിച്ഛേദിക്കുകയും നയതന്ത്രപ്രതിനിധികളെ പുറത്താക്കുകയും വ്യോമപാത അടയ്ക്കുകയും ചെയ്തു. മാത്രമല്ല, ഇന്ത്യയിലെത്താന്‍ പാക് സ്വദേശികള്‍ക്ക് അനുവദിച്ചിരുന്ന വീസകൾ റദ്ദാക്കുകയും ഇന്ത്യക്കാരുടെ പാക്കിസ്ഥാനിലേക്കുള്ള യാത്രയ്ക്ക് വിലക്കേർപ്പെടുത്തുകയും ചെയ്തു. പാക്കിസ്ഥാനുമായുള്ള നേരിട്ടുള്ളതും അല്ലാത്തതുമായ എല്ലാ വ്യാപാരങ്ങളും അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവയ്ക്കുകയും പാക്കിസ്ഥാനില്‍നിന്ന് മറ്റൊരു രാജ്യം വഴി ഇന്ത്യയിലേക്കുള്ള ഇറക്കുമതികൾ നിരോധിക്കുകയും ചെയ്തു.
പഹല്‍ഗാമിലെ സംഭവവികാസങ്ങള്‍ യുഎൻ രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളോട് വിശദീകരിച്ച ഇന്ത്യ ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന്റെ പങ്ക് വിശദമാക്കുന്ന തെളിവുകളും കൈമാറി. പാക്കിസ്ഥാനെ ആഗോളതലത്തില്‍ ഒറ്റപ്പെടുത്തുക എന്നതു ലക്ഷ്യമിട്ട് എംപിമാരുടെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘം വിവിധ രാജ്യങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിശദീകരിക്കുകയും ചെയ്തു. തങ്ങളുടെ വ്യോമപാത അടയ്ക്കുകയും 1972ലെ ഷിംല കരാർ മരവിപ്പിക്കുകയും ചെയ്തുകൊണ്ടായിരുന്നു പാക്കിസ്ഥാന്റെ പ്രതികരണം. പിന്നാലെ പാക്കിസ്ഥാനും തങ്ങളുടെ വാദഗതികൾ വിശദീകരിക്കാനായി വിവിധ രാജ്യങ്ങളിലേക്ക് പ്രതിനിധിസംഘത്തെ അയച്ചു.
National
ന്യൂഡൽഹി: നിർണായക വഴിത്തിരിവുണ്ടാകുമെന്ന പ്രതീക്ഷയിൽ ചെങ്കോട്ടയുടെ പരിസരങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണസംഘം ചികയുന്നു. പ്രദേശത്തെ മൊബൈൽഫോൺ ആശയവിനിമയത്തിന്റെ മൊത്തം വിവരങ്ങളും പരിശോധിക്കുന്നുണ്ട്.
ഹരിയാന രജിസ്ട്രേഷൻ നന്പർപ്ലേറ്റിലുള്ള ഹ്യുണ്ടായി ഐ 20 കാറിലാണു സ്ഫോടനമുണ്ടായത്. ഭീകരാക്രമണമെന്ന നിഗമനത്തിലാണ് അന്വേഷണം. നഗരത്തിന്റെ മുക്കിലും മൂലയിലും സ്പെഷൽ സെല്ലും ക്രൈംബ്രാഞ്ചും അരിച്ചുപെറുക്കുന്നുണ്ട്.